contact@excelkerala.in

എവിടെ ആ പുഴ ?

ലാത്തൂരിലെ സായി നദിക്ക് ആഴം കൂട്ടുന്ന ജോലികൾ പുരോഗമിക്കുന്നു. ടൺകണക്കിനു മണ്ണാണു ദിവസവും കുഴിച്ചുമാറ്റുന്നത്.

നൂറോളം മണ്ണുമാന്തികൾ അഹോരാത്രം പണിയെടുക്കുകയാണു ലാത്തൂരിലെ സായിനദി കണ്ടെത്താൻ. ജില്ലയെ മുഴുവൻ നനയ്ക്കുകയും ദാഹം ശമിപ്പിക്കുകയും ചെയ്തിരുന്ന ധനേഗാവ് ഡാമിന്റെ മുഖ്യജലദാതാവ്. പതിറ്റാണ്ടുകളായി ഇവിടെനിന്നു ജലമൂറ്റുകയും പുഴ സംരക്ഷിക്കാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത തലമുറയുടെ പ്രായശ്ചിത്തം. എത്ര കുഴിച്ചിട്ടും വെള്ളത്തിന്റെ വേരു കണ്ടെത്താനാവാതെ യന്ത്രങ്ങൾ തളരുന്നു. ശാസ്ത്രവും മനുഷ്യരും ഒരുമിച്ചു തോറ്റു. പക്ഷേ, മണ്ണുമാന്തികൾ ജോലി അവസാനിപ്പിക്കുന്നില്ല. ഉടനെയെങ്ങാനുമൊരു മഴ പെയ്താൽ ജലം ശേഖരിക്കാനാവുംവിധം അവർ സായിനദിക്കു നദിയുടെ രൂപമുണ്ടാക്കുകയാണ്. വൈകി വന്ന സുബോധം!

സായി നദിയിലെ മാത്രം കാഴ്ചയല്ല ഇത്. ബീഡ് ജില്ലയിലെ മാഞ്ചരാ നദി, വരണ്ടുപോയ ഭാരതപ്പുഴയെ ഓർമിപ്പിക്കുന്ന ബന്ധുസൂര നദി, ഖേം നദി, ഔറംഗബാദിലെ ശിവ്ന, ലാത്തൂരിലെ തവർജ... എന്തിനേറെ, ഗോദാവരി, മഹാനദി – ഇവയിലൊക്കെ നൂറുകണക്കിനു മണ്ണുമാന്തികൾ പണിയെടുക്കുന്നു. തുള്ളിവെള്ളം കണ്ടാൽ വീണ്ടും അവയെ നദിയെന്നു വിളിക്കാമല്ലോ.

**നദികൾ ശോഷിച്ചപ്പോഴും, വറ്റിയപ്പോൾപോലും അവർ തിരി‍ഞ്ഞുനോക്കിയില്ല. പകരം അവർ കുഴൽക്കിണറുകൾ കുഴിച്ചു; ഭൂഗർഭത്തിൽനിന്നു വെള്ളം പ്രസവിച്ചപ്പോൾ അഹങ്കരിച്ചു: നദികളേ, നിങ്ങളില്ലെങ്കിലെന്ത്?**

ബീഡിനും ലാത്തൂരിനും ഇടയിലുള്ള വറ്റിവരണ്ട മാഞ്ചരാ അണക്കെട്ടിനു കാവലിരിക്കുന്ന മുകിന്ദ് അലോൻഡെ.

വരണ്ട മാഞ്ചരാ, ഇനിയെന്തിന് എന്റെ കാവൽ ?

വരണ്ട മാഞ്ചരാ ഡാമിനു മുകളിൽ നിരാശനായി കാവലിരിക്കുകയാണു മുകുന്ദ് അലോൻഡെ. ഡാം നിർമിച്ചപ്പോൾമുതൽ അതിന്റെ കാവൽക്കാരൻ. ഡാമിലെത്തുമ്പോൾ 20 വയസ്സ്. ഇപ്പോൾ 56. ഒരു ജീവിതകാലം മുഴുവൻ ഡാമിൽ. ദുഃഖം അണപൊട്ടുന്ന ശബ്ദത്തിൽ മുകുന്ദ് ഞങ്ങളോടു പറഞ്ഞു: ‘‘ഇതായിരുന്നു എന്റെ വീട്, എന്റെ ജീവിതം...വറ്റിപ്പോയ ഈ ഡാമിനു ഞാൻ ഇനിയെന്തിനു കാവലിരിക്കണം?’‌’

മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ ജലസംഭരണശേഷിയുള്ള ഡാമുകളിലൊന്നായ മാഞ്ചരാ ആദ്യമായാണു വറ്റുന്നത്. മഴ പെയ്തിട്ടു നാലു വർഷമായെങ്കിലും കഴിഞ്ഞ വർഷംവരെ മാഞ്ചരായിൽ വെള്ളമുണ്ടായിരുന്നു. ‍ഡാമിന്റെ കെട്ടിനു മാത്രം ആറു കിലോമീറ്ററാണു നീളം. അണക്കെട്ടുമുതൽ 15 കിലോമീറ്റർ ഉള്ളിലേക്കു പരന്നുകിടക്കുന്ന ജലസംഭരണമേഖല. ബീഡ് ജില്ലയിലെ കേജ്, ധാറൂർ, അംബേജോഗായി താലൂക്കുകൾ, ലാത്തൂർ ജില്ലയിലെ എംഐടിസി നഗർ, ഉസ്മാനാബാദ് ജില്ലയിലെ കലംബ് താലൂക്ക് എന്നിവിടങ്ങളിലെ കുടിവെള്ള സ്രോതസ്സായിരുന്നു മാഞ്ചരാ. എണ്ണാനാവാത്തവിധം താലൂക്കുകളിൽ കൃഷിക്കും ഇവിടെനിന്നു വെള്ളമെത്തി. ഞങ്ങളെത്തുമ്പോൾ ഡാം വറ്റിയിട്ടു ദിവസങ്ങളേ ആയുള്ളു. ഉണങ്ങിയ മരങ്ങളിലെ കൂടുപേക്ഷിച്ചു കിളികൾ മാഞ്ചരായുടെ അടിത്തട്ടിലെ നനവിൽ വന്നു ചേക്കേറിയിരിക്കുന്നു. ചവിട്ടിയാൽ താണുപോകുന്ന മൺകട്ടകൾ.

**പെട്ടെന്നൊരു ദിവസം ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവനെപ്പോലെ അയാൾ നിരാശനായി ഡാമിന്റെ പടവിലിരിക്കുന്നു. മാഞ്ചരാ, എന്നാണു നീ ഒന്ന് നിറഞ്ഞൊഴുകുക!**

ബന്ധുസൂര നദി വറ്റിവരണ്ടു കൽകൂമ്പാരമായപ്പോൾ.

ദൈവമേ, ഇതോ നൈസാമിന്റെ ബന്ധുസൂര!

നൈസാമിന്റെ കാലത്ത് അവർ ഒരു ഡാം നിർമിച്ചു. ജലത്തെ പിടിച്ചുകെട്ടിയവൻ എന്ന അർഥത്തിൽ ബന്ധുസൂര എന്നു പേരുമിട്ടു. ബീഡ് ജില്ലയിലെ ഏറ്റവും കൂടുതൽ ഉയരത്തിൽ നിർമിച്ച ഈ ഡാമിന്റെ പ്രത്യേകത വൈദ്യുതി ഇല്ലാതെതന്നെ നൂറുകണക്കിനു കിലോമീറ്ററുകൾ അകലെവരെ വെള്ളമെത്തിക്കാം എന്നതാണ്. ഗുരുത്വാകർഷണമെന്ന ശാസ്ത്രം.

ഡാമിനു നൂറ്റാണ്ടുകളുടെ പഴക്കം. കൂറ്റൻ കല്ലുകൾകൊണ്ടു പണിതത്. ഡാം കാണാനെത്തിയ ഞങ്ങൾക്കു വാഹനം നേരെ ഡാമിനുള്ളിലേക്ക് ഇറക്കാനായി. ഞങ്ങളുടെ വാഹനത്തിൽ തട്ടുംവിധം ഒരു ഇരുചക്രവാഹനം എതിരെ വന്നു. ഡാമിനുള്ളിൽ അടിത്തട്ടിൽ, ഭിത്തിയോടു ചേർന്നു ബൈക്ക് ഓടിച്ചു കളിക്കുകയാണു രണ്ടു യുവാക്കൾ. ട്രാക്ടറും മണ്ണുമാന്തികളും ഡാമിനുള്ളിൽ വെള്ളം കിടക്കേണ്ടിടത്ത് ഓടിനടക്കുന്നു. അണക്കെട്ടിന്റെ അടിത്തട്ടിൽ കൂറ്റൻ കുഴിയെടുത്തു കിട്ടുന്ന വെള്ളം നിറച്ചു ടാങ്കറുകൾ പരിസരത്തെ ഗ്രാമങ്ങളിലേക്ക് ഓടുന്നു.

**വറ്റിപ്പോയിട്ടും നെഞ്ചുകീറി ജീവരക്തം ജലമായി നൽകുന്ന അണക്കെട്ടുകൾ!**

പൂർണമായും വറ്റിയ ഒൗറംഗബാദിലെ ശിവ്ന നദിയിലൂടെ ആടുകളുമായി വരുന്ന ഗ്രാമീണൻ.

‘മധുരം’ വിളമ്പി കരിമ്പുകൃഷി; ഫലം വരൾച്ച

ലാത്തൂരിലെയും ബീഡിലെയും നാസിക്കിലെയുമൊക്കെ നദികളും അണക്കെട്ടുകളും വരണ്ടുപോയതെങ്ങനെ? മഴവെള്ളം സംരക്ഷിച്ചില്ല, മരങ്ങൾ വെട്ടുന്നതിൽ നിയന്ത്രണമില്ല. പിന്നെ വെള്ളമൂറ്റുന്ന കൃഷിരീതി. വെള്ളം അധികമായി വേണ്ട കരിമ്പുകൃഷി തന്നെ പ്രധാന വില്ലൻ. ഇന്ത്യയിൽ എങ്ങും പഞ്ചസാര എത്തിക്കുന്ന പ്രധാന ഫാക്ടറികളെല്ലാം മറാഠ്‌വാഡയിലാണ്. ഇന്ത്യയുടെ പഞ്ചസാര ഫാക്ടറി എന്നാണു മഹാരാഷ്ട്ര അറിയപ്പെടുന്നതും. ഏറ്റവും ലാഭകരമായ കൃഷിയും കരിമ്പാണ്. 105 ലക്ഷം ടൺ പഞ്ചസാരയാണു മഹാരാഷ്ട്ര ഉൽപാദിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ പഞ്ചസാര ആവശ്യത്തിന്റെ പകുതിയോളം വരും.

ഒരു കൃഷിയിടം; 361 കുഴൽക്കിണർ!

മഹാരാഷ്ട്രയിലെ 9% മാത്രം വരുന്ന കരിമ്പുകർഷകരാണ് 69% ജലത്തിന്റെയും ഉപയോക്താക്കൾ. നാലുവർഷമായി മഴപെയ്യാത്ത നാട്ടിൽ ഇത്രയും വെള്ളം കരിമ്പുകൃഷിക്കു തുടർച്ചയായി നൽകിയത് ഇപ്പോഴത്തെ ജലദൗർലഭ്യത്തെ വിളിച്ചുവരുത്തിയെന്നതാണു സത്യം. വരൾച്ച ശക്തമായിത്തുടങ്ങിയ 2012ലും 20 സ്വകാര്യ പഞ്ചസാര ഫാക്ടറികൾക്കു സർക്കാർ അനുമതി നൽകി. മിക്ക പഞ്ചസാര കമ്പനികളുടെയും ഉടമകൾ വമ്പൻ രാഷ്ട്രീയനേതാക്കളാണ്. ഇപ്പോൾ മിക്ക ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. എവിടെയും ഉണങ്ങിക്കരിഞ്ഞുപോയ കരിമ്പിൻ തോട്ടങ്ങൾ. ലാത്തൂരിൽ ഷിരീഷ് കോട്ട്‌വാൽ എന്ന കരിമ്പുകൃഷിക്കാരന്റെ പറമ്പിലാണ് ആ കാഴ്ച കണ്ടത്. ഇയാളുടെ മാത്രം കൃഷിയിടത്തിൽ കുഴിച്ച കുഴൽക്കിണറുകളുടെ എണ്ണം 361.

ബീഡിലെ വറ്റിവരണ്ട ബന്ധുസൂര അണക്കെട്ടിനുള്ളിൽ ഭിത്തിയോടു ചേർന്നു ബൈക്കിൽ സ‍ഞ്ചരിക്കുന്നവർ.

ഒരു കിലോ പഞ്ചസാരയ്ക്ക് 2450 ലീറ്റർ വെള്ളം !

കൃഷി മുതൽ ഫാക്ടറി വരെ ഒരു കിലോ പഞ്ചസാര ഉൽപാദിപ്പിക്കുന്നതിനു ചെലവാകുന്ന വെള്ളം 2450 ലീറ്റർ എന്നാണു രാജ്യാന്തരതലത്തിലുള്ളകണക്ക്. വികസിത രാജ്യങ്ങളൊന്നും പഞ്ചസാര ഫാക്ടറികളിലോ കരിമ്പുകൃഷിക്കോ ഭൂജലം എടുക്കാത്തതിന്റെ കാരണം ഇത്ര വെള്ളം വേണമെന്നതു തന്നെ. മഴവെള്ളത്തെയാണ് അത്തരം രാജ്യങ്ങൾ ഈ കൃഷിക്കും ഫാക്ടറിക്കും ഉപയോഗിക്കുക. കാൽനൂറ്റാണ്ടിനിടെയാണു പഞ്ചസാര ഫാക്ടറിയുടെ ലാഭമധുരം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളെ മോഹിപ്പിച്ചത്.

ഫാക്ടറികളും കൃഷിയും വെള്ളം മുഴുവൻ കുടിച്ചുതീർത്തു. നാം ചായയിലും കാപ്പിയിലും ആ മധുരം നുണഞ്ഞു. ഭൂജലം വറ്റിയപ്പോൾ കൃഷിക്കും പഞ്ചസാര ഉൽപാദനത്തിനും അവർ കുഴൽക്കിണറുകൾ കുഴിച്ചു. ആദ്യം 100 –150 അടി താഴ്ചയിൽ വെള്ളം കിട്ടി. അത് വരണ്ടപ്പോൾ ആഴം 500 അടി ആയി. ചിലയിടത്ത് എണ്ണൂറ് അടി കഴിഞ്ഞ് ആയിരത്തിലേക്കു നീണ്ടു. ഗ്രൗണ്ട് വാട്ടർ സർവേ ആൻഡ് ഡവലപ്മെന്റ് ഏജൻസി 2012ൽ ലാത്തൂരിലെ കുഴൽക്കിണർ പെരുകുന്നതിനെതിരെ മുന്നറിയിപ്പു നൽകിയെങ്കിലും വിലപ്പോയില്ല. മഴപെയ്യാതെ വരണ്ട മേൽമണ്ണിന് അടിയിലെ ജലംകൂടി ഊറ്റിയതോടെ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളുടെ ജലരേഖ താണുപോയി. ഇനി തിരിച്ചുപിടിക്കുക ഒരുപക്ഷേ, അസാധ്യം.

_ജലം വറ്റിപ്പോയ ഗ്രാമങ്ങളിൽ മനുഷ്യർ മാത്രമല്ല ദുരിതമനുഭവിക്കുന്നത്, കന്നുകാലികളുമുണ്ട്. കാലികളുടെയും മനുഷ്യരുടെയും പലായനം. അതേക്കുറിച്ചു നാളെ_

Read original post

Discussion forum more